മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ആരിഫ് ഭൂജ്‌വാല പിടിയില്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എന്‍സിബി ഇയാളെ അറസറ്റ് ചെയ്‌തത്‌. ദാവൂദ് ഇബ്രാഹിമും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചിങ്കു പത്താനുമായി ആരിഫിന് ബന്ധമുണ്ടെന്ന് എന്‍സിബി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു.

സൗത്ത് മുംബൈയിലെ ഡോങ്ക്രിയില്‍ ഇയാള്‍ മയക്കുമരുന്നുകള്‍ നിര്‍മ്മിച്ചിരുന്നതായും തെളിഞ്ഞിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുകളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. മെഫിഡ്രോണ്‍, മെറ്റാംഫെറ്റാമൈന്‍, എഫിഡ്രൈന്‍ എന്നീ മയക്കുമരുന്നുകളാണ് ഇവിടെ നിര്‍മ്മിച്ചത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴേയ്ക്കും ആരിഫ് ഒളിവില്‍ പോകുകയായിരുന്നു.

അവസാന അഞ്ച് വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ സ്വത്തുക്കളാണ് ആരിഫ് സമ്ബാദിച്ചത്. ആരിഫിനെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ പേര് പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.