തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ്‌ നിരക്ക്‌ ഉയരുന്നു. ദേശീയ ശാരാശരിയുടെ ആറിരട്ടിയാണ്‌ കേരളത്തിലെ കൊവിഡ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണത്തിലും ആകെ രോഗികളുടെ എണ്ണത്തിലും രാജ്യത്ത്‌ ഒന്നാമത്‌ നില്‍ക്കുന്നത്‌ കേരളമാണ്‌. സംസ്ഥാനത്ത്‌ 100 പേരെ പരിശോധിക്കുമ്ബോള്‍ 12ലേറെ പേര്‍ക്ക്‌ എന്ന നിരക്കില്‍ 12.48 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. ഒന്നര മാസത്തിന്‌ ശേഷമാണ്‌ സംസ്ഥാനത്തെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 12ന്‌ മുകളിലെത്തുന്നത്‌. കഴിഞ്ഞ ഒരാഴ്‌ച്ചത്തെ ശരാശരി ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 10.5 ആണ്‌. എന്നാല്‍ ദേശീയ ശാരശരി 2ല്‍ താഴെ മാത്രമാണ്‌. മറ്റ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ പത്തിരട്ടിയാണ്‌ കേരളത്തിലെ കണക്കുകള്‍.

കഴിഞ്ഞ ഒന്നരമാസത്തിലേറെയായി ദിനംപ്രതി കൊവിഡ്‌ പോസിറ്റീവാകുന്നവരുടെ എണ്ണവും, കൊവിഡ്‌ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണവും രാജ്യത്ത്‌ കേരളത്തിലാണ്‌ കൂടുതല്‍. നിലവില്‍ 72,891 പേര്‍ സംസ്ഥാനത്ത്‌ ചികിത്സയിലുണ്ട്‌. സംസ്ഥാനത്ത്‌ തന്നെ എറണാകുളം ജില്ലയില്‍ കൊവിഡ്‌ വ്യാപനം രൂക്ഷമായി തുടരുകയാണ്‌. പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണം പല ദിവസങ്ങളിലും ആയിരം കടന്നു.കോഴിക്കോട്‌, പത്തനംതിട്ട,കൊല്ലം,കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിരക്കുയരുന്നു. ഇതുവരെ കൊവിഡ്‌ മരണം 3607.

സംസ്ഥാനത്തെ െൈകവിഡ്‌ മരണ നിരക്ക്‌ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിടിച്ചു നിര്‍ത്താനായി എന്നതാണ്‌ ഏക ആശ്വാസം. എന്നാല്‍ മറ്റ്‌ രോഗങ്ങളുണ്ടായിരുന്ന കൊവിഡ്‌ ബാധിതരുടെ മരണം കണക്കില്‍ പെടുത്താത്തതാണ്‌ മരണനിരക്ക്‌ കുറഞ്ഞിരിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്‌. ആദ്യഘട്ടങ്ങളില്‍ കേരളത്തിന്റെ വിജയ മോഡലായിരുന്ന സമ്ബര്‍ക്ക പട്ടിക തയാറാക്കലും ക്വാറന്റീന്‍ ഉറപ്പുവരുത്തലുമെല്ലാം ഇപ്പോള്‍ നടക്കുന്നില്ല.

എത്രപേര്‍ക്ക്‌ രോഗം വന്നുപോയി എന്ന്‌ കണ്ടെത്താനുള്ള സീറോ സര്‍വേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്ത്‌ കൊവിഡ്‌ രോഗം ആകെ ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാല്‍ പ്രതിരോധം ഫലപ്രദമാക്കാന്‍ കഴിയുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ്‌ വ്യാപനം ഉണ്ടാകുമ്ബോഴും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാത്തതും വിമര്‍ശനമുയര്‍ത്തുന്നുണ്ട്‌.