സോളാര്‍ കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി വരുന്നതാണ്. ഏത് അന്വേഷണത്തോടും സഹകരിക്കും. കുറ്റം ചെയ്തിട്ടില്ലെന്ന് പൂര്‍ണവിശ്വാസമുണ്ട്. അതിനാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. കേസുകളെല്ലാം കരുതിക്കൂട്ടിയുള്ളതാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് കേസ് എടുത്തിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ട് യാതൊന്നു ചെയ്യാനാകാതെ പോയ കേസാണ് സോളാര്‍ കേസ്. ഞങ്ങള്‍ക്ക് ഏതായാലും സിബിഐയെ പേടിയില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സിബിഐ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എല്‍ഡിഎഫ് ശക്തമായ ആയുധമാക്കും. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരിക്കും യുഡിഎഫ് പ്രതിരോധം തീര്‍ക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പൊടിക്കൈ മാത്രമാണ് സിബിഐ അന്വേഷണ ശുപാര്‍ശയെന്നായിരിക്കും യുഡിഎഫിന്റെ നിലപാട്. ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ശ്രമം. പിണറായി വിജയന്റെ പൊലീസ് സംഘം നാലര വര്‍ഷത്തിലേറെ അന്വേഷിച്ചിട്ടും തുമ്ബുണ്ടാക്കാനായില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടും.