ദുബായ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്റ്റെന്‍സില്‍ ഛായാ ചിത്രവുമായി ദുബായിലെ മലയാളി വിദ്യാര്‍ത്ഥി. ആറ് പാളികളുള്ള സ്റ്റെന്‍സില്‍ ഛായാ ചിത്രമാണ് 14 കാരനായ ശരണ്‍ ശശികുമാര്‍ എന്ന വിദ്യാര്‍ത്ഥി വരച്ചത്. വ്യാഴാഴ്ച യു.എ.ഇയില്‍ വെച്ച്‌ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ശരണ്‍ ഈ ഛായാ ചിത്രം കൈമാറി. അച്ഛനും അമ്മയ്ക്കും ഒപ്പമെത്തി ശരണ്‍ ഛായാ ചിത്രം കൈമാറുന്നതിന്റെ ചിത്രം വി. മുരളീധരന്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

കോവിഡ് കാലം തുടങ്ങി ആദ്യ അഞ്ച് മാസം കൊണ്ട് ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശരണ്‍ വരച്ചത് എഴുപതിലേറെ മനോഹരമായ ഛായാ ചിത്രങ്ങളാണ്. ഇന്ത്യന്‍ ബുക്സ് ഓഫ് റെക്കോഡ്, ഏഷ്യന്‍ ബുക്സ് ഓഫ് റെക്കോഡ് എന്നീ നേട്ടങ്ങളും കോവിഡ് കാലത്ത് ശരണ്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാ ചിത്രം നിമിഷ നേരം കൊണ്ട് വരച്ചതിനാണ് റെക്കോഡ്. പ്രധാനമന്ത്രി സി.ഐ.എസ്.എഫ് യൂണിഫോം ധരിച്ച്‌ അഭിവാദ്യം അര്‍പ്പിക്കുന്ന ചിത്രമാണ് ശരണ്‍ വരച്ചത്. ചിത്രത്തിന് 90 സെന്റിമീറ്റര്‍ നീളവും 60 സെന്റിമീറ്റര്‍ വീതിയുമുണ്ട്. ആറ് കളര്‍ ഷേഡുകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം വരയ്ക്കാന്‍ ആറുമണിക്കൂറാണ് എടുത്തത്.

കോവിഡ് കാലത്ത് യുഎഇയിലെ മുന്‍ നിര നേതാക്കള്‍ ഉള്‍പ്പെടെ 92 പേരുടെ ഛായാചിത്രങ്ങള്‍ ശരണ്‍ വരച്ചിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരെ കൂടാതെ സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍ എന്നിവരുടെ ചിത്രങ്ങളും ശരണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.