ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ പ്രതിരോധ വാക്​സിന്‍ സ്വീകരിച്ച രണ്ടുപേര്‍ മരിച്ചു. തെലങ്കാനയില്‍ അംഗന്‍വാടി ജീവനക്കാരിയും ആന്ധ്രപ്രദേശില്‍ ആശ പ്രവര്‍ത്തകയുമാണ്​ മരണമടഞ്ഞത് .വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷമായിരുന്നു ഇരുവരുടെയും മരണം.

ഞായറാഴ്ച രാവിലെയാണ്​ 42കാരിയായ ആശ വര്‍ക്കര്‍ വിജയലക്ഷ്​മി മരിച്ചത്​. തലച്ചോറിലുണ്ടായ രക്തസ്രാവമാണ്​ മരണകാരണം. ജനുവരി 19ന്​ വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം ഇവര്‍ക്ക്​ ആരോഗ്യ പ്രശ്​നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .ഇതേ തുടര്‍ന്ന്​ ജനുവരി 21ന്​ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്​ച ഇവരുടെ മരണം സ്​ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്​ അയച്ചതായി ഡോക്​ടര്‍മാര്‍ പറഞ്ഞു.അതെ സമയം കോവിഡ് പ്രതിരോധ വാക്​സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ്​ മരണമെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു. ജില്ല കലക്​ടര്‍ സാമുവല്‍ ആനന്ദ്​ കുനാര്‍ ആശുപത്രിയില്‍ ബന്ധുക്കളുമായി സംസാരിച്ചു. വിജയലക്ഷ്​മിയുടെ മകന്​ ജോലി നല്‍കാമെന്നും കുടുംബത്തിന്​ നഷ്​ടപരിഹാരം നല്‍കാമെന്നും കലക്​ടര്‍ വാഗ്​ദാനം ചെയ്​തു.

തെലങ്കാനയിലെ വാറങ്കലില്‍ 45കാരിയായ അംഗന്‍വാടി ജീവനക്കാരിയാണ്​ മരണമടഞ്ഞത്. ജനുവരി 19നാണ്​ ഇവര്‍ വാക്​സിന്‍ സ്വീകരിച്ചത്​. ​തുടര്‍ന്ന് ശനിയാഴ്ച രാത്രി നെഞ്ചുവേദന ഉണ്ടായി .ശേഷം ചില മരുന്നുകള്‍ കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നു. ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹം മഹാത്​മ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്​ മാറ്റി.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും വിദഗ്​ധ പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്​തു. കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം തെലങ്കാനയില്‍ നെഞ്ചുവേദ​നയെ തുടര്‍ന്ന്​ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്​ 45കാരി .