റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ട്രാക്ടര്‍ പരേഡിന്‌ ഉപാധികളോടെ അനുമതി നല്‍കി ഡല്‍ഹി പൊലീസ്‌. സംഘടനകളുമായി നടത്തിയ ആറാംവട്ട ചര്‍ച്ചയിലാണ്‌ ട്രാക്ടര്‍ പരേഡിന്‌ അനുമതി നല്‍കിയിരിക്കുന്നത്‌. റിപ്പബ്ലിക്‌ ദിന പരേഡ്‌ തടസപ്പെടാത്ത വിധം കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടക്കുമെന്ന്‌ ഡല്‍ഹി പൊലീസ്‌ സ്‌പെഷ്യല്‍ കമ്മീഷണര്‍ ദീപേന്ദ്ര പഥക്‌ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ട്രാക്ടര്‍ റാലി ഡല്‍ഹി നഗരത്തിനുളളില്‍ പ്രവേശിക്കാതെയാണ്‌ ക്രമീകരണം. നിലവില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന സിംഘു,തിക്രി,ഗാസിയപ്പൂര്‍ അതിര്‍ത്തികളിലായിരിക്കും ചൊവ്വാഴ്‌ച കര്‍ഷകര്‍ പരേഡ്‌ നടത്തുക. സമരം തടയുന്നതിനായി ഡല്‍ഹി അതിര്‍ത്തികളില്‍ നിരത്തിയിട്ടുളള എല്ലാ തടസങ്ങളും പൊലീസ്‌ നീക്കും. റോഡുകള്‍ പൂര്‍ണമായി തുറന്നുകൊടുക്കും. തിക്രിയില്‍ 63 കിലോമീറ്ററും, സിംഘുവിലും, ഗാസിപ്പൂരിലുമായി 100 കിലോമീറ്റര്‍ ദൂരത്തിലുമാണ്‌ ട്രാക്ടര്‍ പരേഡ്‌ നടക്കുക. മൂന്നിടത്തുനിന്നും ആരംഭിക്കുന്ന പരേഡ്‌ കുണ്ട്‌ലി – മനേസ്വര്‍ എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ചേരും.

കര്‍ഷക സംഘടനകള്‍ നല്‍കിയ കണക്കനുസരിച്ച്‌ തിക്രിയില്‍ 8000 കര്‍ഷകരും, ഗാസിപ്പൂരിലും, സിംഘുവിലുമായി 5000 കര്‍ഷകരും പരേഡില്‍ പങ്കെടുക്കും. 15,000 ട്രാക്ടറുകളായിരിക്കും പരേഡിലുണ്ടാകുക. സംഘടനകളുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നും, സമാധാനപരമായി പരേഡ്‌ നടത്താനുളള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും ഡല്‍ഹി പൊലീസ്‌ അറിയിച്ചു. റാലിക്ക്‌ കനത്ത സുരക്ഷയൊരുക്കാനാണ്‌ പൊലീസിന്റെ തീരുമാനം.

കര്‍ഷക പരേഡ്‌ അട്ടിമറിക്കാന്‍ പാക്‌ നീക്കമെന്ന്‌ പൊലീസ്‌

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 308 പാകിസ്ഥാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്‌. റിപ്പബ്ലിക്‌ ദിനത്തില്‍ നടത്തുന്ന കര്‍ഷക പരേഡില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ലക്ഷ്യംവെച്ചുളള ചില പോസ്റ്റുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നതായും പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കി. ഈ സാഹചര്യത്തില്‍ കര്‍ഷക പരേഡ്‌ നടക്കുന്ന സമയം നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്‌ തീരുമാനിച്ചു.