ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈരാറ്റുപേട്ടടയില്‍ ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ പോലീസ് സംഘവും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

കൗണ്‍സിലര്‍ അനസിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പോലീസിനെതിരെ തിരിഞ്ഞത്. ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസിനെ കൗണ്‍സിലര്‍ അനസിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. ഇതോടെ പോലീസ് അനസിനെ തള്ളിമാറ്റി. തള്ളിമാറ്റിയപ്പോള്‍ അനസ് വീഴുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോലീസ് അനസിനെ തള്ളിമാറ്റിയത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ആണ് പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇവിടെയെത്തിയത്.

എന്നാല്‍ അനസ് അകാരണമായിട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് എന്നാരോപിച്ച്‌ പോലീസിനെ തടയുകയായിരുന്നു. കണ്ടാലറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.