വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് കഥാകൃത്ത് ടി.പത്മനാഭന്‍റെ രൂക്ഷ വിമര്‍ശനം. 87 വയസ്സുളള വൃദ്ധയെ അപമാനിച്ച ജോസഫൈന്‍റെ നടപടി ക്രൂരമാണ്. വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുക്കാന്‍ ജോസഫൈന്‍ മടിക്കില്ലന്നും ടി.പത്മനാഭന്‍ പരിഹസിച്ചു.

ഗൃഹസന്ദര്‍ശനത്തിനായി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ എത്തിയപ്പോഴായിരുന്നു പത്മനാഭന്‍റെ വിമര്‍ശനം. സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പി.ജയരാജന്‍ കഥാകൃത്ത് ടി.പത്മനാഭന്‍റെ പളളിക്കുന്നിലെ വീട്ടിലെത്തിയത്.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചുളള പൊതുജനങ്ങളുടെ അഭിപ്രായം ആരായാനാണ് സന്ദര്‍ശനമെന്ന് ജയരാജന്‍ പത്മനാഭനെ അറിയിച്ചു. അപ്പോഴായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷക്കെതിരായ കഥാകൃത്തിന്‍റെ രൂക്ഷ വിമര്‍ശനം.

ടി.പത്മനാഭന്‍റെ വിമര്‍ശനം ജോസഫൈനെയും പാര്‍ട്ടിയേയും ധരിപ്പിക്കുമെന്ന് പി.ജയരാജന്‍ മറുപടി നല്‍കി. എന്നാല്‍ വിമര്‍ശിച്ചതിന്‍റെ പേരില്‍ തനിക്കെതിരെ കേസെടുക്കാനും ജോസഫൈന്‍ മടിക്കില്ലന്നായിരുന്നു പത്മനാഭന്‍റെ മറുപടി. ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് എന്‍.സുകന്യ, സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം. പ്രകാശന്‍ എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.