തിരുവനന്തപുരം: അശോക് ഗെലോട്ട് കേരളത്തിലെത്തിയത് ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിന്നില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇടതുമുന്നണിയുമായി രഹസ്യ ധാരണയ്ക്കാണ് ഗെലോട്ട് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളെ തകര്‍ക്കാന്‍ നോക്കുന്നുവെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരുന്നു. കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് കേന്ദ്രം നടത്തുന്ന അന്വേഷണത്തെ സൂചിപ്പിച്ചായിരുന്നു.
ദേശീയ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ മറികടന്നാണ് ഗെലോട്ട് കേരളത്തിലേക്ക് എത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത് സിപിഎം-കോണ്‍ഗ്രസ് ധാരണയ്ക്ക് വേണ്ടിയാണെന്ന് തെളിഞ്ഞ് കഴിഞ്ഞു. ബംഗാളിലും തമിഴ്‌നാട്ടിലും ഇടതും കോണ്‍ഗ്രസും കൈകോര്‍ത്ത് മത്സരിക്കുന്നു. കേരളത്തിലും ബിജെപിയെ നേരിടാന്‍ ഇടതും കോണ്‍ഗ്രസും രഹസ്യധാരണയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങളെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന സ്വര്‍ണക്കടത്തും ഡോളര്‍ കടച്തും ലൈഫ് മിഷന്‍ കേസും ഉള്‍പ്പെടെയുള്ളവയെ എല്‍ഡിഎഫ് നേരത്തെ തന്നെ പ്രതിരോധിച്ചതാണ്. എന്നാല്‍ യുഡിഎഫ് ഇത് ശക്തമായി ഉപയോഗിക്കാന്‍ തുടങ്ങുന്ന സമയത്താണ് ഗെലോട്ടിന്റെ പ്രസ്താവന വന്നത്. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഇത്തരം വിഷയങ്ങളില്‍ കേരളത്തിലെ നിലപാട് ഗെലോട്ടിനെ ആരും അറിയിച്ചില്ലേ എന്നും നേതാക്കളോട് പരാതിപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികളെ കുറിച്ച് ഗെലോട്ടിനുള്ള അതേ അഭിപ്രായമാണോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വെളിപ്പെടുത്തണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന സമയത്തും ഇതേ പ്രസ്താവനയായിരുന്നു വന്നത്. രാഹുല്‍ പറയുന്നത് പോലെയല്ല, ഇവിടത്തെ കാര്യം ഞങ്ങളാണ് തീരുമാനിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സിപിഎം ഇത് ഏറ്റെടുത്ത് പ്രചാരണായുധമാക്കിയിരുന്നു. അതേസമയം യുഡിഎഫ് ലൈഫ് മിഷനും സ്വര്‍ണക്കടത്തും ശക്തമായ പ്രചാരണവിഷയമാക്കാന്‍ ഒരുങ്ങുകയാണ്. പക്ഷേ അവരുടെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ബിജെപിക്കാണ് ഗുണകരമാവുന്നത്.