ദില്ലി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദില്ലി എയിംസിലേക്ക് മാറ്റി. നേരത്തെ അദ്ദേഹം റാഞ്ചിയിലെ റിംസ് ആശുപത്രിയിലായിരുന്നു. 72കാരനായ ലാലുവിന് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട അദ്ദേഹം ദിവസങ്ങളായി ആശുപത്രിയില്‍ തുടരുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖമാണ് ഏറ്റവും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണം. ന്യൂമോണിയയുണ്ട്. പ്രായം കണക്കിലെടുത്ത് വിദഗ്ധ ചികില്‍സ നല്‍കുന്നതിനാണ് എയിംസിലേക്ക് മാറ്റിയതെന്ന് റിംസ് ഡയറക്ടര്‍ കാമേശ്വര്‍ പ്രസാദ് പറഞ്ഞു.
ഒരു മാസത്തോളം എയിംസില്‍ ചികില്‍സ നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിരുന്നു. ഇക്കാര്യം ജയില്‍ വകുപ്പ് അംഗീകരിച്ചു. തുടര്‍ന്നാണ് ദില്ലിയിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് വിമാന മാര്‍ഗം എയിംസിലെത്തിച്ചത് എന്ന് ആര്‍ജെഡി നേതാവ് അഭയ് കുമാര്‍ സിങ് പറഞ്ഞു. ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ്, മകള്‍ മിസ യാദവ് എന്നിവര്‍ ലാലുവിനൊപ്പമുണ്ട്.
ലാലുവിന്റെ ആരോഗ്യനില വഷളാണെന്ന് മകന്‍ തേജസ്വി പറഞ്ഞിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ആര്‍ജെഡി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലാലുവിനെ ദില്ലിയിലേക്ക് മാറ്റുന്നതിന് നടപടികള്‍ വേഗത്തിലാക്കിയത്. ജയില്‍ ചട്ടം ലംഘിച്ചാണ് ലാലുവിനെ റാഞ്ചിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി അടുത്ത മാസം അഞ്ചിന് പരിഗണിക്കും.