ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ ബ്രസീലിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൊറോണ പ്രതിരോധ വാക്സിന്‍ ബ്രസീലിലെത്തിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജേര്‍ ബോള്‍സനാരോ പങ്കുവെച്ച ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് പ്രധനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്നതില്‍ ബ്രസീലിന്റെ വിശ്വസ്ത പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരും- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തങ്ങളുടെ ആവശ്യപ്രകാരം വാക്സിനെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായാണ് ബോള്‍സൊനാരോ ട്വീറ്റ് ചെയ്തത്. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി തങ്ങള്‍ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിന് താഴെ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രവും ബോള്‍സൊനാരോ പങ്കുവെച്ചിരുന്നു. ഇന്നലെയാണ് ഇന്ത്യ ബ്രസീലിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തത്.