തിരുവനന്തപുരം: നേമം കേരളത്തിലെ ഗുജറാത്താണെന്ന നിലപാടില്‍ ഉറച്ച്‌ കുമ്മനം രാജശേഖരന്‍. നേരത്തെ നടത്തിയ അഭിപ്രായ പ്രകടനം വിവാദമായ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ തിരുത്തിനില്ലെന്ന നിലപാട് കുമ്മനം ആവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നേമത്തെ ജനങ്ങള്‍ തുടര്‍ച്ചയായി ബിജെപിയ്‌ക്കൊപ്പം വികസനത്തിനായി വോട്ടു ചെയ്യുന്നു. വികസിത കേരളത്തിന് നേമത്തിന്റെ പിന്തുണ ഉണ്ട് എന്നതാണ് പ്രസ്താവനയിലൂടെ അര്‍ത്ഥമാക്കിയതെന്നും കുമ്മനം വിശദീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അത് ഉചിതമായ സമയത്ത് ഉണ്ടാകും. നേമത്ത് ബിജെപിക്ക് വെല്ലുവിളി ഇല്ല. എന്തിനെയും നെഗറ്റീവ് ആയി കാണുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും കുമ്മനം പറഞ്ഞു,