വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച്‌ ഐടി വമ്പന്മാരായ ഗൂഗിളും ആപ്പിളും. പുതിയ നിയമങ്ങള്‍ അമേരിക്കന്‍ സാമ്ബത്തിക രംഗത്ത് പുത്തന്‍ ഉണര്‍വിനു കാരണമാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. അമേരിക്കയുടെ അന്തസ്സും നീതിബോധവും പ്രതിഫലിക്കുന്ന സമഗ്ര ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളാണ് ബൈഡന്‍ നടപ്പാക്കുന്നതെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് അഭിപ്രായപ്പെട്ടു.

കുടിയേറ്റം, കോവിഡ്, പാരിസ് കലാവസ്ഥ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബാഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. ട്രംപിന്റെ കുടിയേറ്റ നയങ്ങളില്‍ മാറ്റം വരകുത്തികൊണ്ടാണ് യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരിക്കുന്നത്. രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ആയിരങ്ങള്‍ക്ക് നിയമപരമായി പൗരത്വം നേടാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആക്‌ട് 2021 പ്രകാരം ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള സമയദൈര്‍ഘ്യം കുറയ്ക്കാനുള്ള നടപടികളും സ്വാകരിക്കും. കൂടാതെ ഓരോ രാജ്യങ്ങള്‍ക്കും തൊഴില്‍ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും നീക്കിയേക്കും. ബൈഡന്റെ പുതിയ കുടിയേറ്റനയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.