സഞ്ജു വി സാംസണ്‍ എന്ന മലയാളി ക്രിക്കറ്റര്‍ക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാകുകയെന്നത്. നേരത്തെ രാഹുല്‍ ദ്രാവിഡ്, ആജിന്‍ക്യ രഹാനെ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരുന്നത്. ഏതായാലും വമ്പന്‍ ടീമുകള്‍ സഞ്ജുവിന് പിന്നാലെ എത്തിയതോടെയാണ് ക്യാപ്റ്റനാക്കി സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്സ് തുടങ്ങിയ ടീമുകള്‍ റെക്കോര്‍ഡ് തുകയുമായി സഞ്ജുവിനെ ലക്ഷ്യമിട്ടതോടെയാണ് രാജസ്ഥാന്‍ മാനേജ്മെന്‍റ് സ്ഥാനക്കയറ്റത്തോടെ മലയാളി താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. സഞ്ജുവിന് വേണ്ടി ഐപിഎല്ലിലെ വമ്പന്‍മാരായ രണ്ടു ടീമുകള്‍ രംഗത്തിറങ്ങിയതായുള്ള വിവരം നേരത്തെ തന്നെ തനിക്ക് ലഭിച്ചിരുന്നതായും ആകാശ് ചോപ്ര പറയുന്നു. വിദേശ താരത്തെ ഇനിയും ക്യാപ്റ്റനാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്സിനെ ക്യാപ്റ്റനാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇന്ത്യക്കാരനായ ഒരാള്‍ മതിയെന്ന നിലപാടിലേക്ക് മാനേജ്മെന്‍റ് എത്തുകയായിരുന്നു. വിദേശതാരത്തെ ക്യാപ്റ്റനാക്കിയാല്‍ ടീമിന്‍റെ ഓവര്‍സീസ് സ്ലോട്ടില്‍ 25 ശതമാനം അവിടെ നഷ്ടമാകും. കൂടുതല്‍ വിദേശതാരങ്ങളെ ഇറക്കാനും സാധിക്കാതെ വരും. ഈ സാഹചര്യത്തിലാണ് സ്മിത്തിനെ ഒഴിവാക്കി സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ ടീം തീരുമാനിച്ചത്. 2020 സീസണില്‍ രാജസ്ഥാനുവേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയത് സഞ്ജു വി സാംസണ്‍ ആയിരുന്നു.14 മത്സരങ്ങളില്‍നിന്ന് 375 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.-

ഇതാദ്യമായാണ് ഒരു മലയാളി ക്രിക്കറ്റര്‍ ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. അതേസമയം ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും പരാജയപ്പെട്ട സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാനും രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ഇതുതന്നെയാണ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാന്‍ മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്.

ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ നിലനിര്‍ത്താനും രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് ഇംഗ്ലീഷ് കളിക്കാരും കഴിഞ്ഞ സീസണില്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തി. 2020 ലെ പതിപ്പില്‍ 20 വിക്കറ്റുമായി റോയല്‍സിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറും രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന വിജയങ്ങളില്‍ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും സംഭാവന ചെയ്തിട്ടുണ്ട്. മൂവരെയും കൂടാതെ ഡേവിഡ് മില്ലര്‍, ആന്‍ഡ്രൂ ടൈ എന്നിവരെയും അടുത്ത സീസണിലേക്കുള്ള ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു വി സാംസണ്‍. ഈ സീനിയോറിറ്റി കണക്കിലെടുത്താണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ക്യാപ്റ്റനെന്നതില്‍ ഉപരി ബാറ്റിങ്ങില്‍ എല്ലാ സീസണിലും തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു വി സാംസണ്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്കു വേണ്ടിയും സഞ്ജു വി സാംസണ്‍ നേരത്തെ കളിച്ചിട്ടുണ്ട്.