ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടിക്ക് മുന്നോടിയായുള്ള ഹല്‍വ ചടങ്ങില്‍ ബജറ്റ് ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഇത്തവണ ഡിജിറ്റല്‍ ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എം.പി മാര്‍ക്കും സാധരണ ജനങ്ങള്‍ക്കും ബജറ്റിന്റെ വിശദാംശങ്ങള്‍ അനായാസം പരിശോധിക്കാവുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിട്ടുളളത്. ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ ബജറ്റിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും.

ധനകാര്യ വകുപ്പിന്റെ (ഡിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. 1947 ന് ശേഷം ആദ്യമായാണ് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്നും (www.indiabudget.gov.in) അപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യാം. ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം പൂര്‍ത്തിയാകുമ്ബോള്‍ പൂര്‍ണ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. –

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് താക്കൂര്‍, ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹല്‍വ ചടങ്ങില്‍ പങ്കെടുത്തു. ബജറ്റിന്റെ രസഹ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ചടങ്ങ് നടത്തുന്നത്. ഹല്‍വ ചടങ്ങ് കഴിഞ്ഞ് ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നോര്‍ത്ത് ബ്ലോക്കില്‍തന്നെ കഴിയും. ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കുടുംബങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. സാധാരണ 100 ല്‍ അധികം ഉദ്യോഗസ്ഥരാണ് നോര്‍ത്ത് ബ്ളോക്കില്‍ കഴിയാറുള്ളത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 40 ഉദ്യോഗസ്ഥരാണ് ബജറ്റ് അവതരണം കഴിയുന്നത് വരെ അവിടെ തുടരുക.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി 1 ന് 2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സെഷന്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും മാര്‍ച്ച്‌ 8 മുതല്‍ ഏപ്രില്‍ 8 വരെയും രണ്ട് ഘട്ടങ്ങളായി നടക്കും. COVID-19 മഹാമാരി സമ്ബദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച സമയത്താണ് ഈ വര്‍ഷത്തെ ബജറ്റ് വരുന്നത്. മുക്കാല്‍ ഭാഗവും ചുരുങ്ങി ചരിത്രത്തില്‍ ആദ്യമായി വലിയൊരു മാന്ദ്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ കടന്നുപോകുന്നത്. ജനുവരി 29 ന് രാവിലെ 11 ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് ധനമന്ത്രിയുടെ പ്രസംഗത്തോടെ ബജറ്റ് അവതരണം ആരംഭിക്കും.