എന്‍സിപിയില്‍ പരസ്യപോര്. മുന്നണി വിടാനുള്ള നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രന്‍ വിഭാഗം രംഗത്ത് വന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു. സംസ്ഥാന നേതൃത്വം അങ്ങനെയൊരു കത്ത് അയക്കാന്‍ തീരുമാനിച്ചിട്ടില്ല. മാണി സി കാപ്പനും പീതാംബരന്‍ മാസ്റ്ററും മുന്നണി വിടില്ലെന്നാണ് പ്രതീക്ഷയെന്നും അവര്‍ പോയാലും യഥാര്‍ത്ഥ എന്‍സിപിയായി എല്‍ഡിഎഫില്‍ തുടരുമെന്നും റസാഖ് മൗലവി ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുള്ള കത്താണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ അയച്ചിരിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റേയും റിവേഴ്സ് ഹവാലയുടേയും കേന്ദ്രമാണെന്നും എന്‍സിപി കത്തില്‍ വ്യക്തമാക്കി. ഫെബ്രുവരി അവസാനം ആറ് മന്ത്രിമാരേയും സ്പീക്കറേയും ഇഡി ചോദ്യം ചെയ്യും. എഡിഎഫില്‍ തുടരുന്നത് എന്‍സിപിയ്ക്ക് ദോഷം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.