പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ എം സി റോഡിലെ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവം ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നെന്ന് പൊലീസ്. നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രികരായ യുവാവും യുവതിയും മരിച്ചു. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരം പറമ്ബില്‍ ജെയിംസ് ചാക്കോയും (32), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സിയും (26) ആണ് അപകടത്തില്‍ മരിച്ചത്.

വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും കാത്തിരിക്കെയാണ് അപകടം. കമ്ബ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ ഏറ്റുമാനൂരിലെ സ്വകാര്യ കമ്ബനിയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച ശേഷം ചെങ്ങന്നൂരിലേക്ക് മടങ്ങിവരവെയാണ് . ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. ആന്‍സിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്.