ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിച്ച്‌ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ. ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതിയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് നന്ദിയറിച്ച്‌ ബ്രസീല്‍ പ്രസിഡന്റ് എത്തിയത്.

ആഗോളപ്രതിസന്ധി മറികടക്കാനുള്ള യജ്ഞത്തില്‍ ഉത്കൃഷ്ടനായ പങ്കാളിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൊല്‍സനാരോ ട്വീറ്റില്‍ അറിയിച്ചു. രണ്ട് ദശലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന ട്വീറ്റില്‍ കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തില്‍ ഇന്ത്യയെ പോലെ മഹത്തായ രാജ്യത്തിന്റെ പങ്കാളിത്തം ലഭിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് കുറിച്ചു. ബ്രസീലിലേക്ക് വാക്‌സിന്‍ കയറ്റി അയച്ച്‌ ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

ബ്രസീലിയന്‍ ഭാഷയിലാണ് ട്വീറ്റെങ്കിലും അഭിസംബോധന ചെയ്യാന്‍ നമസ്‌കാര്‍, നന്ദിയറിയിക്കാന്‍ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊല്‍സനാരോ ഉപയോഗിച്ചത്. കൂടാതെ ഇന്ത്യയുടെ ഇതിഹാസത്തില്‍ നിന്ന് കടമെടുത്ത ഒരു ചിത്രവും ബൊല്‍സനാരോ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനുള്ള മൃതസഞ്ജീവനിക്കായി ഗന്ധമാദനപര്‍വതം കൈയിലേന്തി ആകാശത്തൂടെ നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്.