ദില്ലി: അമിതാഭ് ബച്ചന്റെ കടുത്ത ആരാധികയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. കഴിഞ്ഞ ദിവസം കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഒരു വീഡിയോ ഗീത പങ്കുവെച്ചിരുന്നു. അത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. 2019 മുതല്‍ ഐഎംഎഫിന്റെ ചീഫ് ആരാണെന്ന് ഈ പരിപാടിയില്‍ ബച്ചന്‍ ചോഗിക്കുന്നതാണ് ഉള്ളത്. ചിത്രങ്ങളും കാണിക്കുന്നുണ്ട്. ഗീത ഗോപിനാഥിന്റെ ചിത്രമാണ് സ്‌ക്രീനില്‍ ഉള്ളത്. ഇതാണ് ഗീത പങ്കുവെച്ചത്. തനിക്ക് ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ഇതെന്നും അവര്‍ പറഞ്ഞു.

തനിക്ക് ഈ സന്തോഷ നിമിഷത്തെ മറികടന്ന് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭ് ബച്ചന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹം എക്കാലത്തെയും ഇതിഹാസ താരമാണ്. ഇത് വളരെയധികം പ്രത്യേകതകള്‍ ഉള്ളതാണെന്നും ഗീത ട്വീറ്റ് ചെയ്തു. ഗീതയുടെ ട്വീറ്റിന് പിന്നാലെ ബിഗ്ബിയുടെ മറുപടിയുമെത്തി. നന്ദി ഗീതാ ഗോപിനാഥ് ജി. ആ ഷോയില്‍ ഞാന്‍ നിങ്ങളെ കുറിച്ച്‌ പറഞ്ഞതെല്ലാം സത്യസന്ധമായി മനസ്സില്‍ തട്ടി പറഞ്ഞതാണെന്നും ബച്ചന്‍ മറുപടി നല്‍കി.

നിരവധി പേര്‍ ബച്ചന്റെ മറുപടിയില്‍ ഗീതയെ അഭിനന്ദിച്ച്‌ രംഗത്തെത്തി. എന്നാല്‍ അമിതാഭ് ബച്ചന്‍ ഷോയില്‍ സെക്‌സിസ്റ്റ് പരാമര്‍ശം നടത്തിയെന്നാണ് വലിയൊരു വിഭാഗം ആരോപിക്കുന്നത്. നിങ്ങളുടെ നേട്ടങ്ങളേക്കാള്‍ നിങ്ങളുടെ സൗന്ദര്യത്തെയാണ് ബച്ചന്‍ ഷോയില്‍ പറഞ്ഞത്. അത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്താന്‍ പാടില്ലായിരുന്നു. രഘുറാം രാജനോ കൗശിക് ബസുവോ ആയിരുന്നെങ്കില്‍ അത്തരമൊരു പരാമര്‍ശം അമിതാഭ് ബച്ചന്‍ നടത്തില്ലായിരുന്നു. എന്തായാലും നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഷോയില്‍ വളരെ സുന്ദരമായ മുഖം എന്ന പദപ്രയോഗം ബച്ചന്‍ നടത്തിയിരുന്നു. അതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇക്കണോമിക്‌സ് മേഖലയിലുള്ള പല സ്ത്രീകളും സുന്ദരികളാണ്. ബച്ചന്‍ പറയുന്ന കാര്യങ്ങള്‍ സൂക്ഷിക്കണം. ഇക്കോണമിയെ കുറിച്ചായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നതെന്നും മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. 2019 മുതല്‍ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും അവരാണ്. രഘുറാം രാജന് ശേഷം ആ പദവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയും ഗീതാ ഗോപിനാഥാണ്.