റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില വഷളായി എന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലുവിനെ റാഞ്ചിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവായ ലാലു പ്രസാദ് യാദവിന് ഒട്ടേറെ ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ മകള്‍ മിസ ഭാരതി ആശുപത്രിയിലെത്തി. ഭാര്യ റാബ്‌റി ദേവിയും മകന്‍ തേജസ്വി യാദവും ഉടന്‍ ആശുപത്രിയിലെത്തുമെന്ന് അറിയിച്ചു. അവര്‍ പട്‌നയില്‍ നിന്ന് റാഞ്ചിയിലേക്ക് വിമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. ആശങ്ക വേണ്ട. ശ്വാസകോശത്തില്‍ അണുബാധയുണ്ട്. ചികില്‍സ തുടരുകയാണ്. ന്യൂമോണിയ ഉള്ളതിനാലാണ് അവശനായത്. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയി. പ്രഥാമിക പരിശോധനയില്‍ കൊറോണ രോഗമില്ല. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ഡോക്ടര്‍ കാമേശ്വര്‍ പ്രസാദ് പറഞ്ഞു.

ബിഹാര്‍ രാഷ്ട്രീയത്തിലെ പ്രമുഖനാണ് ലാലു പ്രസാദ് യാദവ്. യുപിഎയുടെ ഭാഗമായി കേന്ദ്രമന്ത്രിയുമായിട്ടുണ്ട്. റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദിന്റെ കാലത്ത് റെയില്‍വെയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയുമായിട്ടുണ്ട്. ഇക്കാലത്താണ് കാലിത്തീറ്റ കുംഭകോണമുണ്ടായത്. ഈ കേസ് സിബിഐ അന്വേഷിക്കുകയും കുറ്റക്കാരനെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ് യാദവ്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടവുകാലത്തിന്റെ ഭൂരിഭാഗവും റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.