ജയ്പൂര്‍: യുവതിക്ക് അഞ്ച് മാസത്തിനിടെ കോവിഡ് പോസിറ്റീവായത് 31 തവണ. രാജസ്ഥാനിലെ ഭരത്പൂരിലുള്ള യുവതിക്കാണ് അഞ്ച് മാസത്തിനിടെ 31 തവണ കോവിഡ് സ്ഥിരീകരിച്ചത്. ഭരത് പൂരിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ആര്‍ബിഎമ്മിലാണ് യുവതിയെ ചികിത്സിക്കുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നത് സംബന്ധിച്ച് ആശങ്കയിലാണ് ഡോ്കടര്‍മാര്‍.
യുവതി താമസിക്കുന്ന അപ്ന ഘര്‍ ആശ്രമത്തിന്റെ മാനേജ്‌മെന്റ് ഇവരുടെ ചികിത്സ ജയ്പൂരിലെ എസ്‌എംഎസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്.ശാരദ എന്ന യുവതിക്കാണ് കോവിഡ് വിടാതെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28 നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവര്‍ ആര്‍ബിഎം ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ രോഗിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ കണക്കിലെടുത്ത് അവര്‍ക്കൊപ്പം ഒരു പരിചാരകയേയും ആശുപത്രിയില്‍ നിയോഗിച്ചിരുന്നു. പിന്നീട് ആശ്രമത്തിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
തുടര്‍ന്ന് ഇതുവരെ ഇവരില്‍ 31 ടെസ്റ്റുകളാണ് നടത്തിയത്. അതില്‍ എല്ലാ തവണയും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. യുവതിക്ക് ആയുര്‍വേദ, ഹോമിയോപ്പതി, അലോപ്പതി മരുന്നുകളും നല്‍കിവരികയാണ്. തുടര്‍ച്ചയായി കോവിഡ് സ്ഥിരീകരിച്ചതോടെ അവരുമായി സമ്പര്‍ക്കം മറ്റാരും വരാതിരിക്കാന്‍ കര്‍ശന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നെഗറ്റീവ് ആയതിന് ശേഷം മാത്രമേ മറ്റ് ആളുകളുമായി ഇടപെടാന്‍ അവരെ അനുവദിക്കൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.