തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം സംബന്ധിച്ച്‌ നിര്‍ണായക തെളിവുമായി ദൃക്‌സാക്ഷികള്‍. പ്രദീപിന്റെ സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി മറിയുന്നത് കണ്ടതായി ദൃക്സാക്ഷികള്‍. പ്രദീപിന്റെ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ തിരിച്ചറിഞ്ഞതോടെയാണ് ഇതുസംബന്ധിച്ച്‌ അറിയാനായത്. തിരുവനന്തപുരം കരയ്ക്കാമണ്ഡപത്തില്‍ വെച്ച്‌ ലോറിയിടിച്ചാണ് പ്രദീപ് മരണമടയുന്നത്.

അപകടം നടന്ന് ഒരുമാസമായിട്ടും ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അതുവഴി പോയാ യാത്രക്കാരുടെ ചിത്രം ശേഖരിക്കുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ മുമ്ബ് മുതല്‍ രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുന്ന സ്‌കൂട്ടറും മറ്റൊരാളുടെ സ്‌കൂട്ടറും കണ്ടെത്തുകയും ചെയ്തുവെങ്കിലും നമ്ബര്‍ പ്ലേറ്റ് വ്യക്തമല്ലാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല.
തുടര്‍ന്ന് മാധ്യമങ്ങള്‍ വഴി പോലീസ് പരസ്യം നല്‍കിയതോടെ നെയ്യാറ്റിന്‍കര ഇരുമ്ബില്‍ താമസിക്കുന്ന അമ്മയും മകളും പോലീസിനെ ബന്ധപ്പെടുകയായിരുന്നു. ലോറിയുടെ സൈഡില്‍ തട്ടിയാണ് പ്രദീപ് മറിഞ്ഞുവീണത്. പേടികാരണമാണ് ഇക്കാര്യം പറയാതിരുന്നതെന്നും സംഭവ സമയത്ത് വണ്ടി നിര്‍ത്താതെ പോവുകയായിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ അപകട സ്ഥലത്ത് ആളുകള്‍ കൂടിയിരുന്നതായി വാഹനം ഓടിച്ചയാള്‍ മൊഴി നല്‍കി.