ലണ്ടന്‍ : കോവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനില്‍ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി അതി ശക്തമാക്കി. രഹസ്യമായി തുടരുന്ന ഹൗസ് പാര്‍ട്ടികള്‍ക്ക് കനത്ത പിഴയിടാനാണ് തീരുമാനം. ഇംഗ്ലണ്ടില്‍ ഹൗസ് പാര്‍ട്ടികള്‍ നടത്തുന്നവരെ പിടികൂടിയാല്‍ 10,000 പൗണ്ടാണ് പിഴ. പങ്കെടുക്കുന്നവര്‍ക്ക് 800 പൗണ്ടും.

ഓരോ തവണയും നിയമം ലംഘിക്കുമ്ബോള്‍ പിഴ ഇരട്ടിയാകും. ഇത്തരത്തില്‍ തുടര്‍ച്ചയായി നിയമം ലംഘിച്ച്‌ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരില്‍ നിന്നും 6,400 പൗണ്ട് വരെ പിഴ ഈടാക്കാന്‍ പൊലീസിന് അനുമതി നല്‍കിയതായി ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ അറിയിച്ചു. സ്വന്തം സുരക്ഷിതത്വമോ മറ്റുള്ളവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും പൊലീസ് ഇടപെടുമെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നല്‍കി.

ചെറിയൊരു വിഭാഗം ജനങ്ങള്‍ മറ്റുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിതി അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. 1290 പേരാണ് ഇന്നലെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഓരോ മിനിറ്റിലും 200 പേര്‍ക്ക് വാക്സീന്‍ നല്‍കുന്ന സ്ഥിതിയിലേക്ക് ബ്രിട്ടനിലെ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിച്ചു. 50 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിനോടകം രാജ്യത്ത് വാക്സീന്റ ആദ്യഡോസ് നല്‍കി.