കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ രഹസ്യമൊഴിയില്‍ ഉന്നതരും. പലരുടെയും പേരുകള്‍ പരാമര്‍ശിക്കുന്ന രഹസ്യമൊഴി ചോര്‍ന്നാല്‍ സന്ദീപിന്റെ ജീവന്‍ അപകടത്തിലാകുമെന്നും എന്‍ഐഎ. പേരുകള്‍ ഒഴികെയുള്ള പ്രധാന ഭാഗങ്ങള്‍ കസ്റ്റംസിനും, എന്‍ഫോഴ്‌സ്‌മെന്റിന്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം. മൊഴിപ്പകര്‍പ്പിനുള്ള കസ്റ്റംസിന്റെ അപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കത്തിലായിരുന്നു എന്‍ഐഎയ്‌ക്കൊപ്പം കസ്റ്റംസും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. എന്നാല്‍ കസ്റ്റംസിനും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും രഹസ്യമൊഴി നല്‍കുന്നതിനോട് എന്‍ഐഎ അന്വേഷണ സംഘത്തിന് തുടക്കം മുതല്‍ എതിര്‍പ്പായിരുന്നു. മുന്‍പ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച സ്വപ്ന സുരേഷിന്റെ മൊഴിയിലെ ഭാഗങ്ങള്‍ പോലും ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയിരുന്നു. സമാനമായി സന്ദീപ് നായരുടെ മൊഴിയും ചോര്‍ന്നാല്‍ തുടരന്വേഷണത്തിന് അത് വലിയ തിരിച്ചടിയാകുമെന്നും എന്‍ഐഎ കണക്കുകൂട്ടുന്നു. സിആര്‍പിസി 164 പ്രകാരം രേഖപ്പെടുത്തിയ മൊഴി ലഭിക്കാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനു മാത്രമാണെന്ന മുന്‍ മേല്‍ക്കോടതി വിധികള്‍ കൂടി പരിശോധിച്ചാണ് കസ്റ്റംസിന്റ മൊഴിപ്പകര്‍പ്പിനുള്ള ആവശ്യം കോടതി തള്ളിയത്.

നിരവധി ഉന്നതരുടെ പേരുകള്‍ കൃത്യമായി സന്ദീപ് മൊഴിയില്‍ പരാമര്‍ശിക്കുന്നതായാണ് വിവരം. ഇതുകൊണ്ടാണ് മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു കൂടി നല്‍കി മൊഴി പുറത്തായാല്‍ സന്ദീപ് നായരുടെ ജീവനുപോലും ഭീഷണിയുണ്ടെന്ന വാദം എന്‍ഐഎ ഉയര്‍ത്തിയത്. നിലവിലെ സാഹചര്യത്തില്‍ മൊഴിപ്പകര്‍പ്പിനായുള്ള അപേക്ഷ നല്‍കുന്നതില്‍ നിന്ന് പിന്മാറുകയാണ് ഇഡിയും. എന്നാല്‍ പേരുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ഒഴികെ മറ്റ് ഏജന്‍സികളുടെ അന്വേഷണത്തെ കൂടി സഹായിക്കുന്ന വിവരങ്ങള്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് എന്‍ഐഐ സംഘം. ഇക്കാര്യം എന്‍ഐഎ കോടതിയെയും അറിയിക്കും.

നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സന്ദീപിനെ മാപ്പുസാക്ഷിയാക്കി കേസ് ബലപ്പെടുത്താനും എന്‍ഐഐ ആലോചിക്കുന്നു. സന്ദീപിന്റെ രഹസ്യമൊഴിയില്‍ അന്വേഷണം മുന്നോട്ടു നീക്കാന്‍ തയ്യാറെടുത്ത കസ്റ്റംസിനും, ഇഡിക്കും എന്‍ഐഎ നിലപാടും, മൊഴിപ്പകര്‍പ്പ് നല്‍കാനാവില്ലെന്ന കോടതി ഉത്തരവും തിരിച്ചടിയാണ്. എന്നാല്‍ രഹസ്യമൊഴിയിലെ പേരുകള്‍ ഒഴികെയുള്ള മറ്റ് വെളിപ്പെടുത്തലുകള്‍ പരസ്പരം കൈമാറാനുള്ള ചര്‍ച്ചകള്‍ അന്വേഷണ സംഘത്തലവന്മാര്‍ നടത്തിക്കഴിഞ്ഞു.