2018ലെ പി.എസ്.സി എല്‍.ഡി.വി ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ നിയമനം നടന്നത് പത്ത് ശതമാനം മാത്രമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. 4712 പേര്‍ ഉള്‍പ്പട്ടെ ലിസ്റ്റില്‍ 748 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നിയമന ശിപാര്‍ശ നല്‍കിയത്. റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം അഞ്ചിന് അവസാനിക്കാനിരിക്കെ ലിസ്റ്റിന്‍റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുകയാണ്.
പി.എസ്.സി പരീക്ഷയ്ക്കൊപ്പം റോഡ് ടെസ്റ്റും എച്ച് ടെസ്റ്റും നടത്തി അതില്‍ വിജയിച്ച 4712 പേരുടെ റാങ്ക് ലിസ്റ്റാണ് 2018 ഫെബ്രുവരി 6 ന് പി.എസ്.സി പ്രസിദ്ധീകരിച്ചത്. അതില്‍ 3964 പേരുടെ നിയമന കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല. ഇതേ തസ്തികയില്‍ സംസ്ഥാനത്താകെ 5000 പേര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതായാണ് ഉദ്യോഗാര്‍ത്തികള്‍ പറയുന്നത്. ഇതിനിടെ 51 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി സ്‌റ്റേ ചെയ്യുകയുമുണ്ടായി.
പി.എസ്.സിയുടെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍ ഗ്രേഡ് 2 പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശി നവാസിനെപ്പോലെ ഭൂരിഭാഗം പേര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ ജോലിക്കായി ഇനി ഒരു അവസരമില്ല.
2011 – 2015 റാങ്ക് ലിസ്റ്റില്‍ 95 ശതമാനം പേര്‍ക്കും നിയമന ശിപാര്‍ശ ലഭിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 140 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്നു.എന്നാല്‍ ഇത്തവണത്തെ ലിസ്റ്റില്‍ ജില്ലയില്‍ നിന്നുള്ള എഴുപത്തി എട്ടാം റാങ്കുകാരനായ സിജോയ്ക്ക് നിയമന ശിപാര്‍ശ ലഭിച്ചില്ല. മേട്ടോര്‍ വാഹന വകുപ്പില്‍ നിന്നടക്കം എല്‍.എം.വി തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നല്‍കിയെങ്കിലും അതിനും നടപടി ഉണ്ടായിട്ടില്ല