ബെംഗളൂരു: കര്‍ണാടകയില്‍ ഷിമോഗ നഗരത്തിന് സമീപം ഉണ്ടായ വന്‍ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. മരണനിരക്ക് ഉയരാന്‍ സാധ്യത. ക്വാറിയിലേക്കുള്ള ഡൈനാമൈറ്റും ജെലാറ്റിനുമായി പോയ ലോറി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഷിമോഗയിലും ചിക്കമംഗളൂരിന്റെ ഭാഗങ്ങളിലും ഉത്തര കന്നഡ ജില്ലകളുടെ ഭാഗങ്ങളിലും സ്ഫോടനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. രാത്രി ഉറങ്ങാന്‍ പോയ ജനങ്ങള്‍ സ്ഫോടനവും പ്രകമ്ബനവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശങ്കയിലായി. ഭൂചലനമാണെന്നായിരുന്നു അവര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ വീടുകളില്‍ നിന്ന് പുറത്തേക്ക് വന്നു. –

കുറച്ചുസമയങ്ങള്‍ക്ക് ശേഷമാണ് സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായതിന്റെ പ്രകമ്ബനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി 50 ഓളം ഡൈനാമൈറ്റുകള്‍ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ 15 പേര്‍ മരിച്ചു. ജെലാറ്റിനും ഡൈനാമൈറ്റുമായി പോയ ലോറി സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.

സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും പ്രകമ്ബനം അനുഭവപ്പെട്ടതായും ഷിമോഗ റൂറല്‍ എംഎല്‍എ അശോക് നായിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലുണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സ്ഫോടനത്തെ തുടര്‍ന്ന് കടുത്ത പുകപടലം ഉയര്‍ന്നിരുന്നു. ഒന്നും കാണാന്‍ കഴിയില്ലായിരുന്നു. കുറഞ്ഞത് ആറുപേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ട്. മരണനിരക്ക് ഇതില്‍ അധികവുമാകാം. ഇപ്പോള്‍ എനിക്ക് ഒന്നും സ്ഥിരീകരിക്കാനാവില്ല”- എംഎല്‍എ പറഞ്ഞു.

സ്ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് അധികൃതര്‍ പാഞ്ഞെത്തി. എന്നാല്‍ ഇനിയും സ്ഫോടനം ഉണ്ടാകുമോ എന്ന ഭീതിയില്‍ വളരെ സാവധാനവും കരുതലോടെയുമാണ് അവര്‍ മുന്നോട്ടുപോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് ചില ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വന്‍ സ്ഫോടനത്തിന് പിന്നിലെ കാരണം സംബന്ധിച്ച്‌ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ജന്മനാടാണ് ഷിമോഗ. അപകടത്തെ തുടര്‍ന്ന് അദ്ദേഹം അധികൃതരോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. അനധികൃത ഖനനപ്രവര്‍ത്തനങ്ങളും ക്വാറികളും പ്രദേശത്ത് സര്‍വ സാധാരണമാണ്.