ഇസ്ലാമാബാദ് : ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ -3 പരീക്ഷണം വിജയമെന്ന പാകിസ്താന്റെ അവകാശ വാദം വ്യാജം . മിസൈല്‍ പരീക്ഷണത്തിനിടെ ബലൂചിസ്ഥാനില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് .
2750 കിലോമീറ്റര്‍ ദൂരെ വരെ ചെന്നെത്താനാവുന്ന ബാലിസ്‌റ്റിക് മിസൈല്‍ ‘ഷഹീന്‍ -3 ‘ വിജയകരമായി പരീക്ഷിച്ചുവെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം . വിക്ഷേപണത്തിന് തൊട്ടുപിന്നാലെ, പാക് ആര്‍മിയുടെ പ്രചാരണ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഷഹീന്‍ -3 മിസൈലിന്റെ ‘വിജയകരമായ’ വിക്ഷേപണത്തെ പറ്റി പ്രസ്താവനയുമിറക്കി . ആയുധങ്ങളുടെ രൂപകല്‍പ്പനകളും, സാങ്കേതിക പരാമീറ്ററുകളും പുനര്‍ മൂല്യനിര്‍ണ്ണയം ചെയ്യുകയാണ് എന്നും പാക് ആര്‍മി പ്രസ്താവിച്ചു.
എന്നാല്‍ അതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണത്തിലെ യഥാര്‍ത്ഥ സത്യം പുറത്തു വരുന്നത് . ബലൂചിസ്ഥാന്‍ മേഖലയിലെ രാഖി പ്രദേശത്ത് നിന്നായിരുന്നു പരീക്ഷണം . മിസൈല്‍ പതിച്ചതാകട്ടെ ദേരാ ബുഗ്തി മാറ്റ് മേഖലയിലെ ജനവാസ മേഖലയിലും . ബലൂചിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ നശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാകിസ്താന്‍ സൈന്യം ബലൂചിസ്ഥാനെ പരീക്ഷണ ശാലയാക്കി മാറ്റിയതായി ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കേന്ദ്ര വക്താവ് ഷേര്‍ മുഹമ്മദ് ബുഗ്തി ആരോപിച്ചു.
പാകിസ്താനിലെ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകം അറിയണമെന്നും , ഇതിനായി ദേരാ ബുഗ്തി സന്ദര്‍ശിക്കണമെന്നും മുഹമ്മദ് ബുഗ്തി ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.