ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടം അജിങ്ക്യ രഹാനെയിലെ നായക മികവിനെ വലിയ ചര്‍ച്ചാവിഷയമാക്കുന്നു. വിരാട് കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി രഹാനെയെ നായകനാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന കോഹ്‌ലിയെ തഴയാന്‍ ബിസിസിഐ ഒരിക്കലും തയ്യാറാകില്ല. എന്നാല്‍, രഹാനെയെ ടെസ്റ്റ് നായകനാക്കാന്‍ നിരവധി കാരണങ്ങള്‍ ബിസിസിഐയ്ക്ക് മുന്‍പിലുണ്ട്. ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തില്‍ കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍സിക്ക് കീഴില്‍ മികച്ച പ്രകടനം നടത്തിയാല്‍ രഹാനെയെ ടെസ്റ്റ് നായകനാക്കുക എന്ന ആവശ്യത്തിന്റെ പ്രസക്തി വളരെ കുറയും. മറിച്ച്‌ വിപരീതമായാണ് സംഭവിക്കുന്നതെങ്കില്‍ രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുകയും ചെയ്യും.

കോഹ്‌ലി നായക സ്ഥാനത്ത് ഉള്ളപ്പോള്‍ മറ്റ് ടീം അംഗങ്ങള്‍ അദ്ദേഹത്തെ ഒരുപരിധിക്കപ്പുറം ആശ്രയിക്കുന്നത് കൂടുതലാണ്. അത് കോഹ്‌ലിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റില്‍ അതാണ് കണ്ടത്. കോഹ്‌ലിയെ അമിതമായി ആശ്രയിക്കുന്നത് പലപ്പോഴും ടീമിന് വിനയാകുന്നുണ്ട്. എന്നാല്‍, രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ അതില്‍ വലിയ മാറ്റമുണ്ടായി. ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചാലേ ടീം ജയിക്കൂ എന്ന വസ്‌തുത മറ്റ് താരങ്ങളും മനസിലാക്കി. ഇത് ടീമിന് ഏറെ ഗുണം ചെയ്തു.

നായക സ്ഥാനത്തു നിന്ന് മാറിനിന്നാല്‍ കോഹ്‌ലിയെന്ന ബാറ്റ്‌സ്‌മാനെ ഇന്ത്യയ്‌ക്ക് കൂടുതല്‍ നല്ല രീതിയില്‍ ഉപയോഗിക്കാം എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. ക്യാപ്റ്റന്‍സി സമ്മര്‍ദം കോഹ്‌ലിയുടെ ബാറ്റിങ് മികവിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. മുഴുവന്‍ സമയ ബാറ്റ്സ്‌മാന്‍ എന്ന രീതിയില്‍ കോഹ്‌ലിയെ പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുക എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.