ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത്. ബ്രിസ്‌ബെയ്‌ന്‍ ടെസ്റ്റില്‍ 138 പന്തില്‍ നിന്ന് ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 89 റണ്‍സാണ് 23 കാരനായ റിഷഭ് പന്ത് പുറത്താകാതെ നേടിയത്. ഇന്ത്യയ്‌ക്കായി വിജയറണ്‍ നേടിയത് പന്താണ്. ഈ പ്രകടനത്തിന്റെ പേരില്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കം നിരവധി പേരാണ് പന്തിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയത്. പന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഐസിസിയുടെ വാക്കുകളാണ് ഇപ്പോള്‍ വളരെ ശ്രദ്ധ നേടിയിരിക്കുന്നത്.

പന്ത് സ്‌പൈഡര്‍മാന്‍ ആണെന്നാണ് ഐസിസി പറയുന്നത്. ‘സ്‌പൈഡര്‍-പന്ത്, സ്‌പൈഡര്‍-പന്ത്’ എന്നാണ് ഐസിസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പന്തിന് സ്‌പൈഡര്‍മാന്റെ വേഷം നല്‍കാനും ഐസിസി മറന്നില്ല. മിനിറ്റുകള്‍ക്കുള്ളില്‍ ഈ ചിത്രവും ഐസിസിയുടെ പ്രശംസയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പന്തിനെ സ്‌പെെഡര്‍മാനായി ചിത്രീകരിച്ചതിനു പിന്നില്‍ വളരെ രസകരമായ ഒരു സംഭവമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് 23 കാരനായ റിഷഭ് പന്ത്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വിക്കറ്റിനു പിന്നിലും ബാറ്റ് ചെയ്യുമ്ബോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നത് പതിവാണ്.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം വിക്കറ്റിനു പിന്നില്‍ നിന്ന് പന്ത് പാട്ട് പാടിയത് ടീം അംഗങ്ങളെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ചിരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. കൊച്ചുകുട്ടികള്‍ക്കടക്കം ഏറെ സുപരിചിതമായ ‘സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍’ എന്ന ഈരടികളാണ് വിക്കറ്റിനു പിന്നില്‍ നിന്ന് ബോറടിച്ചപ്പോള്‍ പന്ത് പാടിയത്. ഈ സംഭവമാണ് ഐസിസിയുടെ വ്യത്യസ്തമായ പ്രശംസയ്ക്ക് കാരണം.

സ്റ്റംപ് മൈക്കില്‍ പന്ത് പാട്ടുപാടുന്നത് റെക്കോര്‍ഡ് ചെയ്യപ്പെട്ടു. ഈ വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിറയെ പന്തിനെ ട്രോളിയുള്ള പോസ്റ്റുകള്‍ വന്നു. അവസാന ടെസ്റ്റ് ക്ലൈമാക്‌സിലേക്ക് നീങ്ങുന്നതിന്റെ ടെന്‍ഷനിലായിരുന്നു ഇരു ടീമുകളും. ഇത്രയും ടെന്‍ഷനടിച്ച്‌ ഇരു ടീമുകളും നില്‍ക്കുമ്പോഴാണ് സീന്‍ മൊത്തം കൂളാക്കി പന്തിന്റെ പാട്ടെത്തുന്നത്.