ന്യൂഡല്‍ഹി : ലോകരാജ്യങ്ങള്‍ക്കായുള്ള കൊറോണ വാക്‌സിന്‍ കയറ്റുമതി തുടര്‍ന്ന് ഇന്ത്യ. രാജ്യത്ത് നിന്നും നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്‌സിന്‍ കയറ്റി അയക്കും. ആദ്യ ഘട്ട കുത്തിവെയ്പ്പിനായുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് കയറ്റി അയക്കുക.

നേപ്പാള്‍ 10 ലക്ഷം ഡോസുകളും, ബംഗ്ലാദേശ് 20 ലക്ഷം ഡോസുകളുമാണ് ആദ്യ ഘട്ടത്തിനായി ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റി അയക്കുന്നതിനായി പുലര്‍ച്ചയോടെ തന്നെ മുംബൈയില്‍ ഛത്രപതി ശിവജി വിമാനത്താവളത്തിലേക്ക് വാക്‌സിന്‍ എത്തിച്ചിട്ടുണ്ട്. വാക്‌സിന്‍ കൈപ്പറ്റുന്നതിനും, കുത്തിവെയ്പ്പിനായി കൊണ്ടു പോകുന്നതിനുമുള്ള ഒരുക്കങ്ങള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കി. രണ്ടാം ദിവസമാണ് ഇന്ത്യ നേപ്പാളിലേക്ക് വാക്‌സിന്‍ കയറ്റി അയക്കുന്നത്. -‘

കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി നേപ്പാളിനും, ബംഗ്ലാദേശിനും അവശ്യസാധനങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ തയ്യാറായാല്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യ കൊറോണ വാക്‌സിന്‍ കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്നലെ വാക്‌സിനുകള്‍ കയറ്റുമതി ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും.

വാക്സിനാണ് കഴിഞ്ഞ ദിവസം ഭൂട്ടിനിലേക്ക് കയറ്റി അയച്ചത്, ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിന്‍ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമാണ് അയച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉല്‍പാദകര്‍. കോവിഡ് വാക്സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ ആദ്യമായി വാക്സിന്‍ ലഭിക്കുന്ന രാജ്യമാണ് ഭൂട്ടാന്‍.

ഇതാദ്യമായല്ല കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ ഭൂട്ടാനെ സഹായിക്കുന്നത്. നേരത്തെ പാരസെറ്റമോള്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍, പിപിഇ, എന്‍ 95 മാസ്കുകള്‍, എക്സ്-റേ മെഷീനുകള്‍, ടെസ്റ്റ് കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 2.8 കോടിയില്‍ അധികം രൂപയുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യ ഭൂട്ടാന് ​​നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മൂന്നാം രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 14 ഭൂട്ടാന്‍ പൗരന്മാരെ വന്ദേ ഭാരത് വിമാനങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനും ഇവരെ ഭൂട്ടാനില്‍ എത്തിക്കുന്നതിനും ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു.