കണ്ണൂർ∙ ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കഴി​ഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കണ്ണൂരിൽ വച്ചായിരുന്നു അന്ത്യം. ദേശാടനം, കല്യാണരാമൻ, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്.

ആഴ്ചകൾക്കു മുൻപാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കു ന്യൂമോണിയ ബാധിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി. ന്യൂമോണിയ മാറിയ ശേഷം വീട്ടിലെത്തി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു കോവിഡ് പോസിറ്റീവായത്. ഐസിയുവിലായിരുന്നെങ്കിലും പിന്നീട് ആരോഗ്യം വീണ്ടെടുത്തിരുന്നു.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.

കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.