ഇന്ത്യയില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിന്‍ കയറ്റുമതി ആരംഭിച്ചു. ഭൂട്ടാനിലേയ്ക്കും മാലി ദ്വീപിലേയ്ക്കുമാണ് ആദ്യഘട്ട വാക്സിന്‍ കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് അടുത്ത ദിവസം തന്നെ വാക്‌സിന്‍ കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു.

വാക്സിന്‍ നിര്‍മാതാക്കളായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഇന്ത്യ വാക്സിന്‍ വിപണനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. ഭൂട്ടാനിലേയ്ക്കുള്ള ഒന്നരലക്ഷം ഡോസ് വാക്സിന്‍ ഇന്ന് ഉച്ചയോടെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്. ഇന്ത്യ കൊവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ സ്ഥിരീകരിച്ചു.
ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്ക് വാക്‌സിനെത്തിക്കുന്നതിനുള്ള നടപടികളും രാജ്യം ഇതിനകം പൂര്‍ത്തിയാക്കി. ആവശ്യമായ റെഗുലേറ്ററി ക്ലിയറന്‍സുകള്‍ അതത് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് ഈ രാജ്യങ്ങളിലേയ്ക്കും വാക്സിനുകള്‍ അയച്ച്‌ തുടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.

മാലിദ്വീപിന് 1,00,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യ നല്‍കുന്നത്. ബംഗ്ലാദേശിനും നേപ്പാളിനുമുള്ള വാക്‌സിനുകള്‍ വ്യാഴാഴ്ചയും മ്യാന്‍മറിനും സീഷെല്‍സിനുമുള്ളത് വെള്ളിയാഴ്ചയുമെത്തിക്കും.നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ അതത് രാജ്യങ്ങളിലെ മുന്‍നിര തൊഴിലാളികള്‍ക്കും പ്രായമായവര്‍ക്കും രോഗാവസ്ഥയിലുള്ള ആളുകള്‍ക്കും സഹായമായാണ് എത്തിക്കുന്നത്. തുടര്‍ന്ന് വാക്സിനുകള്‍ക്ക് വില ഈടാക്കും. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ കൂടികണക്കിലെടുത്ത്, പങ്കാളിത്ത രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിനുകള്‍ ഇന്ത്യ തുടര്‍ന്നുള്ള ആഴ്ചകളിലും മാസങ്ങളിലും ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നത് തുടരും.