കൊച്ചി; വാളയാര്‍ കേസിലെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എം. മധുവിന് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതി മുമ്ബാകെ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി 22 ന് പരിഗണിക്കും.

വാളയാര്‍ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ ഇന്ന് കേസില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്.ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളുകയായിരുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും അല്ലെങ്കില്‍ തുടരന്വേഷണത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി നടപടി.

കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വെ എസ്പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി എ എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹേമലത എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിരുന്നു. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചായിരുന്നു തീരുമാനം.

വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തിലായിരുന്നു പാലക്കാട് പോക്സോ കോടതി നാല് പ്രതികളേയും കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രതികളിലൊരാള്‍ നവംബറില്‍ തൂങ്ങിമരിച്ചിരുന്നു.