വാഷിങ്ടണ്‍: സംഭവ ബഹുലമായിരുന്നു ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ കഴിഞ്ഞ നാല് വര്‍ഷം. വിദ്വേഷം ജനിപ്പിച്ചും വിദേശികളെ അകറ്റിയും വിദേശ രാഷ്ട്രങ്ങള്‍ക്കിടയില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിച്ചും ഭീഷണി മുഴക്കിയും യുദ്ധത്തിന് കോപ്പുകൂട്ടിയുമെല്ലാം ട്രംപ് വാര്‍ത്തകളില്‍ എപ്പോഴും ഇടം പിടിച്ചു. രണ്ടാമൂഴം തേടിയ ട്രംപിനെ പക്ഷേ അമേരിക്കക്കാര്‍ പിന്തുണച്ചില്ല. ട്രംപ് പരാജയപ്പെട്ടു. പരാജയം സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. വളരെ വൈകിയാണ് ട്രംപ് രാഷ്ട്രീയ സാഹചര്യം മനസിലാക്കി പടിയിറങ്ങുന്നത്.

ഇന്ന് ട്രംപ് അധികാരം ഔദ്യോഗികമായി ഒഴിയുകയാണ്. അവസാന ദിനത്തില്‍ പോലും ട്രംപ് പ്രസിഡന്റിന്റെ പദവി ഉപയോഗിച്ച്‌ തന്നോട് അടുപ്പമുള്ളവര്‍ക്ക് കേസുകളില്‍ നിന്ന് ഇളവ് നല്‍കി. പടിയിറങ്ങിയാല്‍ ട്രംപിന്റെ അടുത്ത പരിപാടി എന്താകും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ വേളയിലാണ് ട്രംപ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച്‌ ട്രംപ് തന്റെ അടുത്ത വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പാട്രിയറ്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയത് രൂപീകരിക്കാനാണ് ആലോചന. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇനിയും നിറഞ്ഞു നില്‍ക്കാന്‍ തന്നെയാണ് ട്രംപിന്റെ തീരുമാനം എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

എന്നാല്‍ മൂന്നാം പാര്‍ട്ടിക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടാകും എന്നതാണ് മറ്റൊരു കാര്യം. റിപബ്ലിക്കന്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ രണ്ട് പാര്‍ട്ടികള്‍ക്കാണ് അമേരിക്കയില്‍ സ്വാധീനമുള്ളത്. അനേകം പാര്‍ട്ടികള്‍ വേറെയുമുണ്ടെങ്കിലും അവര്‍ക്കൊന്നും തിരഞ്ഞെടുപ്പ് രംഗത്തെ പ്രാതിനിധ്യമില്ല. അതുകൊണ്ടുതന്നെ ട്രംപ് പുതിയ പാര്‍ട്ടി രൂപീകരിച്ചാലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തല്‍.

ട്രംപ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതിനെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കില്ല. കാരണം അവരുടെ വോട്ട് ബാങ്ക് ഭിന്നിപ്പിക്കുന്നതാണ് ട്രംപിന്റെ നീക്കം. ട്രംപ് അനുകൂലികളായ ഒട്ടേറെ തീവ്ര വലതുപക്ഷക്കാര്‍ അമേരിക്കയിലുണ്ട്. കറുത്ത വര്‍ഗക്കാരെ അടിമകളെ പോലെ കാണുന്ന, വിദേശികള്‍ക്ക് ജോലി നല്‍കരുതെന്ന് ആവശ്യപ്പെടുന്ന, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടി കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം. അതുകൊണ്ടുതന്നെ ട്രംപിന് പിന്നിലും ജനം അണിനിരക്കുമെന്ന് ഉറപ്പാണ്.

ഭരണത്തിന്റെ അവസാന നാളുകളില്‍ ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരുമായി സുഖത്തിലല്ലായിരുന്നു. കാപ്പിറ്റോളില്‍ കലാപം നടത്തിയ ട്രംപ് അനുകൂലികളുടെ നീക്കം അദ്ദേഹത്തെ തീര്‍ത്തും ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. അമേരിക്കയെ ലോകരാജ്യങ്ങള്‍ക്ക് മുമ്ബില്‍ നാണം കെടുത്തുന്നതായിരുന്നു പാര്‍ലമെന്റ് ആക്രമണം. ട്രംപിന്റെ പുതിയ പാര്‍ട്ടി രൂപീകരണ വിഷയത്തില്‍ വൈറ്റ് ഹൗസ് പ്രതികരിക്കാന്‍ തയ്യാറായില്ല.