ന്യൂഡല്‍ഹി: കൊറോണ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ മുന്നില്‍ നിന്ന് നയിച്ച്‌ ഇന്ത്യ. ഇതിന്റെ ഭാഗമായി അയല്‍ രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യും. ഭൂട്ടാനും മാലിദ്വീപിനും ഇന്ന് തന്നെ കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമാകും.

ഇരു രാജ്യങ്ങള്‍ക്കും ഇന്ത്യ 1 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ വീതമാണ് നല്‍കുന്നത്. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്‌സിന്‍ നല്‍കും. അനുമതി ലഭിക്കുന്നതോടെ അഫ്ഗാനിസ്താനും ശ്രീലങ്കയും മൗറീഷ്യസും ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യും. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സാഹയം നല്‍കി മേഖലയിലെ കൊറോണ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് തങ്ങളാണെന്ന സന്ദേശമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
ഡിസംബറില്‍ 60 വിദേശ പ്രതിനിധികള്‍ ഹൈദരാബാദ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കൊറിയ, ഖത്തര്‍, ബഹ്‌റിന്‍, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തിയ നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യവാലിയും ഇന്ത്യയുടെ വാക്‌സിനില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഏഷ്യന്‍ രാജ്യങ്ങളുടെ നേതൃത്വം പൂര്‍ണമായും ഇന്ത്യയുടെ കൈകളിലേയ്ക്ക് എത്തുകയാണ്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന വളര്‍ച്ചയും സ്വീകാര്യതയും ചൈനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.