ബംഗളൂരു : സ്വത്ത് നല്‍കണമെന്നാവശ്യപ്പെട്ട മകനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ ബി.വി കേശവ(50) ആണ് മൂത്തമകന്‍ കൗശല്‍ പ്രസാദിനെ കൊലപ്പെടുത്തിയതിന് പിടിയിലായത്.
ഐ.ടി ജീവനക്കാരനായ കൗശല്‍ നിരന്തരം സ്വത്ത് ആവശ്യപ്പെട്ട് അച്ഛനമ്മമാരെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ കേശവയുടെ ഇളയ മകന്റെ സഹപാഠിയായ നവീന്‍ കുമാറിനെ കണ്ട കേശവ മൂത്ത മകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി. മൂന്ന് ലക്ഷം രൂപയ്‌ക്കായിരുന്നു കൊലപാതകത്തിന് നവീന്‍ സമ്മതിച്ചത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ബി.വി. കേശവയും നവീന്‍കുമാറും കൊലപാതകം നടത്തിയത്. ജനുവരി പത്താം തീയതി നവീന്‍കുമാര്‍ കൗശലിനെ മല്ലേശ്വരത്തുനിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് എലേമല്ലപ്പ തടാകത്തിന് സമീപത്തുവെച്ച് ഇരുവരും മദ്യപിച്ചു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി കൗശലിനെ ബോധരഹിതനാക്കി. പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കൈകാലുകള്‍ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കി തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.
സംഭവശേഷം ജനുവരി 12ന് കേശവ പൊലീസില്‍ മകനെ കാണുന്നില്ലെന്ന് കാട്ടി പരാതി നല്‍കി. ഫോണ്‍ ഇളയമകനെ ഏല്‍പ്പിച്ചശേഷമാണ് പോയതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കൗശല്‍ പ്രസാദ് കാറില്‍ കയറി പോയതായി കണ്ടെത്തി. കാറിന്റെ ഉടമയായ നവീന്‍ കുമാറിനെ പിടികൂടിയതോടെ ക്വട്ടേഷന്‍ കഥയുടെ ചുരുളഴിഞ്ഞു.തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്‌റ്റുചെയ്‌തു.