ദോഹ: രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ ഖത്തറിലേയ്ക്ക് വരാനും പോകാനും കഴിയുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലാമണി ഖത്തര്‍ ടിവിയോട് പറഞ്ഞു. ഖത്തര്‍ ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
‘വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം വൈറസിനെതിരായ പ്രതിരോധം കൈവരിച്ചുതുടങ്ങും. അതിനര്‍ത്ഥം വാക്‌സിന്‍ സ്വീകരിച്ചയാള്‍ കൊവിഡ് പരത്തില്ല എന്നാണ്. വാക്‌സിനേഷന്റെ ആത്യന്തിക ലക്ഷ്യം ഇതാണ്.’, അല്‍ മസ്ലാമണി പറഞ്ഞു.
‘വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ യാത്ര ചെയ്യാനും രാജ്യത്തേയ്ക്ക് മടങ്ങിവരാനും സാധിക്കും. നമ്മുടെ രാജ്യത്തേയ്ക്ക് ആളുകള്‍ മടങ്ങിയെത്തുമ്ബോള്‍, വാക്‌സിനേഷന്റെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ ഞങ്ങള്‍ അവരില്‍ നിന്ന് ഒരു സാമ്ബിള്‍ എടുക്കും. അതിനര്‍ത്ഥം അവരുടെ കൈവശമുള്ള വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റിനെ അവിശ്വസിക്കുന്നു എന്നല്ല. സാമ്ബിളിന്റെ ഫലം എന്തായാലും ക്വാറന്റൈന്‍ ഉണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.
അതേസമയം, കൂടുതല്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി രാജ്യം കരാറായിട്ടുണ്ടെന്നും അതിനാല്‍ ആവശ്യമായ അളവില്‍ വാക്സിനുകള്‍ 2021-ല്‍ ഖത്തറിലെത്തുമെന്നും അത് എല്ലാ ജനങ്ങള്‍ക്കും മതിയാവുന്നതാണെന്നും അല്‍ മസ്ലാമണി പറഞ്ഞു.