ന്യൂഡല്‍ഹി: 55കാരനായ റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തി 60 രൂപ കവരുകയും റിക്ഷ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. 20കാരനായ ദിലീപ് ഹല്‍ദര്‍, 24കാരനായ ച്ഛോദന്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രിയാണ് റിക്ഷാ തൊഴിലാളിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും കല്ലുകൊണ്ട് തലക്കടിയേറ്റ നിലയിലും കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തിയത്. മരിച്ചത് ജിബന്‍ മസുംദാര്‍ എന്ന റിക്ഷാ തൊഴിലാളിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്‍െറ റിക്ഷ കണ്ടെത്താനുമായില്ല.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലയാളികളിലേക്കെത്തിച്ചത്. റിക്ഷ തട്ടിയെടുക്കാനായാണ് അക്രമികള്‍ ജിബന്‍ മസുംദാറിനെ കൊന്നത്. ഛോദന്‍ സിങ്ങുമായി ഇദ്ദേഹത്തിന് നേരത്തെ പരിചയമുണ്ടായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച്‌ ആക്രമിച്ച്‌ വണ്ടിയും പഴ്സും തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍, 60 രൂപ മാത്രമാണ് റിക്ഷാ തൊഴിലാളിയുടെ പഴ്സില്‍ ഉണ്ടായിരുന്നത്.