തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്‍്റെ അവകാശ ലംഘന നോട്ടീസില്‍ എത്തിക്സ് കമ്മിറ്റി ഇന്ന് സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോ‍ര്‍ട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. സ്പീക്കര്‍ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കും. വോട്ടിംഗ് ഉണ്ടായാലും സര്‍ക്കാര്‍ തീരുമാനത്തിനാകും അംഗീകാരം ലഭിക്കുക.

സിഎജി റിപ്പോര്‍ട്ടിന്‍്റെ ഉള്ളടക്കം പുറത്ത് വിട്ട പ്രശാന്ത് ഭൂഷണെതിരെ രാജ്യസഭ എത്തിക്സ് കമ്മിറ്റി നടപടി നിര്‍ദ്ദേശിച്ചില്ല എന്നതടക്കം നിയമസഭാ സമിതി പരിഗണിച്ചിട്ടുണ്ട്. അതേസമയം സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരുടെ വിയോജിപ്പോടെയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മറുപടി പറയുകയാണ് ചെയ്തതെന്നാണ് മന്ത്രി എത്തിക്സ് കമ്മിറ്റി മുന്‍പാകെ നേരിട്ട് ഹാജരായി നല്‍കിയ വിശദീകരണം.