തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന നല്‍കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ അദ്ദേഹം സൂചന നല്‍കിയത്. പ്രഖ്യാപനം ഫെബ്രുവരി പകുതിക്കുശേഷം ഉണ്ടാകും. എന്നാല്‍ പരീക്ഷകളുടേയും റംസാന്റെയും തീയതികള്‍ അനുസരിച്ചായിരിക്കും തീയതി നിശ്ചയിക്കുക എന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സൂചിപ്പിച്ചു.

അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചശേഷം അഞ്ച് ദിവസത്തിനകം തപാല്‍വോട്ടിന് അപേക്ഷിച്ചാല്‍ മതിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഭിന്ന ശേഷിക്കാര്‍ക്കും 80 വയസ് പിന്നിട്ടവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുമെന്ന് അദ്ദേഹം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് വേണോ വേണ്ടയോ എന്ന് അവരവര്‍ക്ക് തീരുമാനമെടുക്കാനുളള അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാരെന്ന് നിജപ്പെടുത്തും.

പോളിംഗ് സ്റ്റേഷനുകളുടെ എണ്ണവും പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. കൊവിഡ് നിയന്ത്രണങ്ങളും പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന മെയ് മാസത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.