അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒന്‍പത് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെത്തി വോട്ട് രേഖപ്പെടുത്തി. മാരത്തണ്‍ റാലികളുടെ വാരാന്ത്യത്തിനൊടുവിലാണ് ട്രംപ് വോട്ടുചെയ്യാനെത്തിയത്.

നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിംഗ് സംവിധാനത്തില്‍ ഇതിനോടകം അഞ്ചര കോടിയിലധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മാസ്‌ക് അണിയാന്‍ പലപ്പോളും മടി കാണിച്ചിരുന്ന ട്രംപ് മാസ്‌ക് ധരിച്ചുകൊണ്ടാണ് വോട്ടുചെയ്യാനെത്തിയതെന്നും ശ്രദ്ധേയമാണ്. ട്രംപ് എന്നൊരാള്‍ക്കാണ് ഞാന്‍ വോട്ടുചെയ്തതെന്നായിരുന്നു വോട്ടിംഗിന്‌ശേഷം ട്രംപിന്റെ പ്രതികരണം. വോട്ടുചെയ്തത് വലിയൊരു ബഹുമതിയാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

‘നേരത്തെ വോട്ടുചെയ്യുക, നിങ്ങളുടെ കൂട്ടുകാരെയും വീട്ടുകാരെയും അയല്‍ക്കാരെയും വോട്ടുചെയ്യാനായി കൊണ്ടുവരിക, നിങ്ങളുടെ ബോസിനെ വിളിച്ചിട്ട് പോലും പറയുക, വരൂ ബോസ് നമ്മുക്ക് വോട്ടുചെയ്യാം’. ട്രംപിന്റെ വോട്ടിംഗ് സമയത്ത് ആവേശഭരിതരായ റിപ്പബ്ലിക്കന്‍മാരോട് ട്രംപിന്റെ പ്രതികരമിങ്ങനെ.