തിരുവനന്തപുരം : മലയാളികള്‍ക്ക് അഭിമാനമായി പ്രധാനമന്ത്രിയ്‌ക്കൊപ്പം റിപ്പബ്ലിക് ദിന ചടങ്ങ് കാണാന്‍ മലയാളി വിദ്യാര്‍ത്ഥികളും. പ്രധാനമന്ത്രിയ്‌ക്കൊപ്പം ചടങ്ങ് വീക്ഷിയ്ക്കാന്‍ 50 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ഒരുങ്ങുന്നത്. ഇതില്‍ മലയാളികളായ ഏഴ് വിദ്യാര്‍ത്ഥികളുമുണ്ട്. കഴിഞ്ഞ സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഓരോ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം ലഭിച്ചത്.

കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം ടി.ആര്‍.അഭിജിത്ത്. ഹ്യുമാനിറ്റീസില്‍ ഉന്നത മാര്‍ക്ക് നേടിയ തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ലക്ഷ്മി നായര്‍, നിര്‍മല ജെന്‍സന്‍. തിരുവനന്തപുരം നാലാഞ്ചിറ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയത്തിലെ ശ്രേയ സൂസന്‍ മാത്യു. എറണാകുളം കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ നിയ സൂസന്‍ ചാലി. കൊമേഴ്സ് വിഭാഗത്തില്‍ എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ അലിഷ പി. ഷാജി. കണ്ണൂര്‍ ചാല ചിന്മയ വിദ്യാലയത്തിലെ ഫറാഷ ഫാത്തിമ എന്നിവരാണ് കേരളത്തില്‍ നിന്ന് ക്ഷണം ലഭിച്ച വിദ്യാര്‍ത്ഥികള്‍

പ്രധാനമന്ത്രിയ്ക്കും മറ്റ് വിശിഷ്ട വ്യക്തികള്‍ക്കുമൊപ്പം ‘പിഎം ബോക്സില്‍’ ഇരുന്നാവും ഇവര്‍ ചടങ്ങ് വീക്ഷിയ്ക്കുക. യാത്ര, താമസ ചെലവുകള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ വഹിയ്ക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ലോട്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊയര്‍ ഓഫ് കേരള എന്നതാണ് വിഷയം.