ന്യൂഡല്‍ഹി: ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ ഭാരതീയര്‍ സന്തോഷവാന്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 ‘ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ നമ്മളെല്ലാം സന്തോഷവാന്‍മാരാണ്. ഊര്‍ജ്ജസ്വലവും ആവേശം നിറഞ്ഞതുമായ പ്രകടനം. ഒപ്പം ചടുലതയും ദൃഢനിശ്ചയവും മത്സരത്തില്‍ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങള്‍. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഗാബ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നു വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയത്. 4 മത്സരങ്ങടങ്ങിയ പരമ്പരയില്‍ രണ്ടെണ്ണം ഇന്ത്യ വിജയിച്ചപ്പോള്‍ ഒരെണ്ണം ഓസീസ് നേടി. ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഗാബയില്‍ 32 വര്‍ഷമായി തോല്‍വി അറിയാത്ത ഓസീസിനെ ഇന്ത്യയുടെ താരതമ്യേന പുതുമുഖങ്ങള്‍ അടങ്ങിയ ടീമാണ് പരാജയപ്പെടുത്തിയത്. ചരിത്രം കുറിച്ച ടീം ഇന്ത്യയ്ക്ക് ബിസിസിഐ അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്യത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹമാണ്.