വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് ഇത്തവണ മാരുതി സുസുക്കി എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023- 24 സാമ്ബത്തിക വര്‍ഷത്തില്‍ തന്നെ മാരുതിയുടെ ആദ്യ ഇലക്‌ട്രിക് കാര്‍ വിപണിയില്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതോടെ, നേരത്തെ പറഞ്ഞതിലും ഒരു വര്‍ഷം മുന്‍പ് തന്നെ മാരുതി സുസുക്കിയുടെ ഇലക്‌ട്രിക്ക് കാര്‍ വിപണി കീഴടക്കാന്‍ എത്തുമെന്നാണ് സൂചന. രാജ്യത്ത് ഇലക്‌ട്രിക് കാറുകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ചതോടെയാണ് മാരുതിയുടെ പുതിയ നീക്കം.

ഇലക്‌ട്രിക് വെഹിക്കിള്‍ വിഭാഗത്തില്‍ ശക്തമായ മുന്നേറ്റം നേടാനാണ് മാരുതിയുടെ ശ്രമം. 2030 വരെ എല്ലാ വര്‍ഷവും ഓരോ മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതാണ്. കൂടാതെ, 2030 എത്തുന്നതോടെ മാരുതി വില്‍ക്കുന്ന ആകെ വാഹങ്ങളുടെ 15 ശതമാനവും ഇലക്‌ട്രിക് വാഹനങ്ങളാകാന്‍ സാധ്യതയുണ്ട്. ഇലക്‌ട്രിക് വാഹന രംഗത്ത് ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് മാരുതിയുടെ പ്രധാന എതിരാളികള്‍.

നിലവില്‍, 43 ശതമാനം വിപണി വിഹിതവും മാരുതിയുടെ കൈകളിലാണ്. അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ വിപണി വിഹിതം 50 ശതമാനമായി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ മാരുതി നടത്തുന്നുണ്ട്. അതേസമയം, വില്‍പ്പന ലക്ഷ്യം കമ്ബനി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതോടെ, ഒരു വര്‍ഷം 32 ലക്ഷം യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്.