ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റുകളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്.

ഭാരതാംബയുടെ മക്കള്‍ക്ക് ഇടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഇന്ത്യയില്‍ വിലപോവില്ലെന്നും അവ ഏതു വിധേനയും തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിബിസി ഡോക്യുമെന്‍ററി വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റു നോക്കുന്നതിന് കാരണം നമ്മുടെ യുവതലമുറയാണ്. യുവതലമുറയ്ക്ക് ഉപകാര പ്രദമാകുന്ന നിരവധി ഡിജിറ്റല്‍ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.