ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന് നേരെ വെടിയുതിര്‍ത്തത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെന്ന് സ്ഥിരീകരണം. വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത്.

അതേസമയം വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗോപാല്‍ ദാസ് നാലോ അഞ്ചോ തവണ വെടിയുതിര്‍ത്തു എന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. എഎസ്‌ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, വെടിവയ്പിനെ തുടര്‍ന്ന് ബിജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നബ കിഷോര്‍ ദാസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.