തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ അത്യാധുനിക ആശുപത്രി ഒരുക്കാന്‍ സഹായം ചെയ്യുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്. സെപ്റ്റംബറില്‍ മുകേഷ് അംബാനി ദര്‍ശനത്തിന് വന്നപ്പോള്‍ ആശുപത്രി നിര്‍മിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അഭ്യര്‍ഥിച്ചിരുന്നു.

ഇപ്പോഴത്തെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാകും ആശുപത്രി നിര്‍മ്മിക്കുക . പിന്‍ഭാഗത്തെ കൂടുതല്‍ സ്ഥലം പ്രയോജനപ്പെടുത്തി 80,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോര്‍ അടക്കം 5 നിലകളാണ് കെട്ടിടത്തിന്. 2 നിലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വാര്‍ഡ്. ഒരു നിലയില്‍ മുറികള്‍. ബേസ്മെന്റില്‍ കാര്‍ പാര്‍ക്കിങ്. ഡയാലിസിസ്, കാര്‍ഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങള്‍ ഉണ്ടാകും.

ഇതിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ മുകേഷ് അംബാനി ദേവസ്വത്തോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആര്‍) ദേവസ്വം തയാറാക്കി. പ്ലാന്‍ ജില്ല ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിച്ചു. അനന്ത് അംബാനിയോട് ഇക്കാര്യം ചെയര്‍മാന്‍ പറഞ്ഞതോടെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാം എന്നും അറിയിച്ചു. ചെയര്‍മാന്‍ കൈമാറിയ ഡിപിആര്‍ സ്വീകരിച്ച അനന്ത് തുടര്‍നടപടികള്‍ക്ക് റിലയന്‍സ് ഉദ്യോഗസ്ഥരെ അയയ്‌ക്കാമെന്ന് അറിയിച്ചു.