ന്യൂഡല്‍ഹി: ഭാരതത്തെ പ്രശംസിച്ച്‌ യുഎന്‍ ജനറല്‍ അസംബ്ലി ചീഫ് സിസബ കൊറോസി. ‘ആഗോള ദക്ഷിണേഷ്യയുടെ നേതാക്കളില്‍ ഒരാളാണ് ഇന്ത്യ’ എന്നാണ് സിസബ കൊറോസി വിശേഷിപ്പിച്ചത്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെയും ആഗോള സാമ്ബത്തിക മാന്ദ്യത്തിന്റെയും വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന G-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെയും അദ്ദേഹം പ്രശംസിച്ചു. ലോക പരിവര്‍ത്തനത്തെപ്പറ്റിയുള്ള ഇന്ത്യയുടെ തന്ത്രപരമായ ചിന്തയും യുഎന്‍ ബോഡിയും തമ്മില്‍ വലിയ സാമ്യമുണ്ടെന്ന് കൊറോസി പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്നു. ഈ ലോകം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യക്ക് നല്ല ധാരണയുണ്ട്. നമ്മള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളും, വിവിധ രൂപങ്ങളില്‍, പരസ്പരബന്ധിതമായ രീതിയില്‍ ലോകമെമ്ബാടും അനുഭവിക്കുകയാണ്. ഇന്ത്യ സ്വന്തമായി പരിഹാരങ്ങള്‍ തേടുകയാണ്. ആ പരിഹാരങ്ങള്‍ തനിക്കുവേണ്ടി മാത്രമല്ല, മറ്റു പല രാജ്യങ്ങള്‍ക്കും കൂടി വേണ്ടിയാണ്’ – അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരം ത്രിദിന സന്ദര്‍ശനത്തിനായി കൊറോസി ഇന്ന് ഇന്ത്യയിലെത്തും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. വളരെ പ്രതീക്ഷയോടെയാണ് താന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി സിസബ കൊറോസി പറഞ്ഞു.