തിരുവനന്തപുരം: സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ലെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നാഭിപ്രായവുമായി യുവതലമുറ. ലൈംഗിക ബന്ധത്തില്‍ സമ്മതത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ട ആവശ്യമുണ്ടോയെന്നാണ് യുവാക്കളുടെ ചോദ്യം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ലൈംഗിക വിദ്യാഭ്യാസ പരിപാടിയില്‍ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയാണ് ഈ ചോദ്യം ഉന്നയിച്ചത്. തനിക്ക് ഒരു പെണ്‍കുട്ടിയോട് വികാരം തോന്നിയാല്‍ അത് പ്രകടിപ്പിക്കാന്‍ ലജ്ജിക്കുന്നത് എന്തിനാണെന്നും വിദ്യാര്‍ഥി ചോദിച്ചു.

സെക്‌സിനെ കുറിച്ച്‌ തുറന്ന് സംസാരിക്കുന്നത് ഇപ്പോഴും നിഷിദ്ധമായി കാണപ്പെടുന്ന കാലത്ത്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ നൂറോളം വിദ്യാര്‍ഥികളാണ് ഈ സെക്ഷനില്‍ പങ്കെടുത്തത്. കോളജിലെ എന്‍.എസ്.എസ്. യൂണിറ്റും ഇന്ത്യയിലും അമേരിക്കയില്‍ നിന്നുള്ള സെക്‌സോളജിസ്റ്റുകളുടെ പിന്തുണയുള്ള ലൈംഗികാരോഗ്യ പ്ലാറ്റ്ഫോമായ വിവോക്സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എ.എസ്.എസ്.ഐ.സി.ടി എന്നത് അമേരിക്കന്‍ സൊസൈറ്റി ഓഫ് സെക്‌സ് എഡ്യൂക്കേറ്റേഴ്‌സ്, കൗണ്‍സിലേഴ്‌സ് ആന്‍ഡ് തെറാപ്പിസ്റ്റുകള്‍ ആണ്. ഇത് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമാണ്. സ്ത്രീയുടെ സമ്മതമില്ലാതെ അവരെ സ്പര്‍ശിക്കരുതെന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സെഷന്‍ നടന്നത്.

രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന സെഷനില്‍ സ്വയംഭോഗം, കന്യകാത്വം, ലൈംഗിക ആരോഗ്യത്തിന് ശരിയായ ഭക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. സെക്‌സിനെക്കുറിച്ചുള്ള ധാരാളം മിഥ്യകളും തെറ്റിദ്ധാരണകളും വ്യക്തമാക്കാന്‍ ഈ സെഷന്‍ സഹായിച്ചെന്നും, ലൈംഗികത ഒരു വൃത്തികെട്ട വാക്കല്ല, മറിച്ച്‌ ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സെക്‌സില്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും സെക്ഷനില്‍ പങ്കെടുത്ത കുട്ടികള്‍ സംസാരിച്ചു.