പൂനെ: ബിബിസിയുടെ രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററി പുറത്തിറങ്ങിയത് മുതല്‍ വിദേശ മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ എഴുത്തുകളും പ്രസിദ്ധീകരണങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചില വിദേശ മാദ്ധ്യമങ്ങളുടെ പ്രത്യേക പ്രയോഗങ്ങളെക്കുറിച്ച്‌ വിലയിരുത്തുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

ഇന്ത്യന്‍ സര്‍ക്കാരിനെ സൂചിപ്പിക്കാന്‍ പ്രത്യേക വിശേഷങ്ങളാണ് പല വിദേശ മാദ്ധ്യമങ്ങളും പ്രയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു നാഷണലിസ്റ്റ് എന്നും സമാനമായ മറ്റ് പല വാക്കുകളുമാണ് ഭാരത സര്‍ക്കാരിനെ സൂചിപ്പിക്കാന്‍ വിദേശ മാദ്ധ്യമങ്ങളും ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

നിങ്ങള്‍ വിദേശ പത്രങ്ങള്‍ വായിക്കുകയാണെങ്കില്‍ ചില പ്രത്യേക വാക്കുകള്‍ കാണാന്‍ സാധിക്കും. ‘ഹിന്ദു നാഷണലിസ്റ്റ് സര്‍ക്കാര്‍’ എന്നത് അതില്‍ ഒന്ന് മാത്രമാണ്. അമേരിക്കയെയും യൂറോപ്പിനെയും ക്രിസ്റ്റ്യന്‍ നാഷണലിസ്റ്റ് എന്ന് അവര്‍ വിശേഷിപ്പിക്കാറില്ല. ഇത്തരം പ്രയോഗങ്ങള്‍ ഇന്ത്യയ്‌ക്ക് വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്നതാണ്. ഈ രാജ്യം ലോകത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പൂര്‍ണമായും സജ്ജമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തി.

പൂനെയില്‍ സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. ജയശങ്കര്‍ എഴുതിയ ‘ദ ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡ്’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷയും ഒപ്പം പ്രകാശനം ചെയ്തിരുന്നു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് മറാത്തി പുസ്തകം പ്രകാശനം ചെയ്തത്.